കല്ലടിക്കോട്: മലങ്കര സുറിയാനി കത്തോലിക്കസഭയുടെ മൂവാറ്റുപുഴ രൂപത കരിമ്പ മേഖലയുടെ ആഭിമുഖ്യത്തിൽ മാർ ഇവാനിയോസ് അനുസ്മരണവും പദയാത്രയും 5 ന് നടക്കും.
കരിമ്പ ഇടവകയിൽ ചേർന്ന മേഖലാ പാസ്റ്ററൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. മേഖലാ വികാരി ഫാ. പൗലോസ് കിഴക്കനേടത്ത് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു.
അനുസ്മരണത്തോടനുബന്ധിച്ച് അട്ടപ്പാടി, മണ്ണാർക്കാട്, ചിറക്കപ്പടി ഇടവകകളിലെ വിശ്വാസികൾ ചിറക്കൽപ്പടിയിൽ നിന്നും കോയമ്പത്തൂർ മിഷൻ, ഒലവക്കോട്, ഇരുമ്പാമുട്ടി, കാഞ്ഞിക്കുളം, കരിമ്പ ഇടവകകളിലെ വിശ്വാസികൾ കാഞ്ഞിക്കുളം ഇടവകയിൽ നിന്നും കാൽനടയായി കരിമ്പയിലെ നിർമലഗിരി സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക തീർഥാടന ദേവാലയത്തിൽ എത്തിച്ചേരും.
തുടർന്ന് വിശുദ്ധ കുർബാന, അനുസ്മരണ പ്രഭാഷണം, വിവിധ മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വിവിധ മേഖലകളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചവരെയും ആദരിക്കൽ എന്നിവ നടക്കും.സ്നേഹവിരുന്നും നടക്കും. ജേക്കബ് ഇരമംഗലത്ത്, ഫാ. അജയ് പരിയാരത്ത്, ഫാ. ആകാശ് കൈലാത്ത്, ഫാ. ജോർജ് മാരാങ്കണ്ടം, ഫാ.സന്തോഷ് പുളിക്കൽ പ്രസംഗിച്ചു. മേഖലയിലേക്ക് പുതുതായി സ്ഥലംമാറ്റം ലഭിച്ച് എത്തിയ ഫാ. ഗീവർഗീസ് മേലേപീടികയിൽ, ഫാ. സന്തോഷ് പുളിക്കൽ, ഫാ. ജോർജ് മാരാങ്കണ്ടം എന്നിവർക്ക് യോഗത്തിൽ സ്വീകരണം നൽകി.